കൊച്ചി: ഈവര്‍ഷത്തെ ഐ ആര് ഡിപി, എസ് ജി എസ് വൈ മേളയില്‍ വ്യാജ മേല്‍വിലാസവുമായി വരുന്ന വ്യാപാരികളെ ഒഴിവാക്കും. ഇവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു. ഉപയോക്താക്കള്‍ വലിയ തോതില്‍ കബളിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണിത്. ഉപ്പുതൊട്ടു കര്‍പ്പൂരം വരെ ലഭിക്കുന്ന രീതിയിലാണ് മേള ആസൂത്രണം ചെയ്യുന്നത്. മേളയുടെ നടത്തിപ്പിനു മുന്നോടിയായി വിപുലമായ സംഘാടക സമിതിക്കു രൂപം നല്കി. ആഗസ്റ്റ് 22 മുതല്‍ 26 വരെ എറണാകുളത്തപ്പന് ഗ്രൗണ്ടിലാണു മേള. ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പു പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ വൈസ്പ്രസിഡന്റ് ബിന്ദു ജോര്‍ജ് അധ്യക്ഷയായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്വാശ്രയ സംരംഭങ്ങളും ചെറുകിട സംരംഭകരും മേളയില്‍ പങ്കെടുക്കും. മേള പൂര്‍ണമായും പ്ലാസ്റ്റിക് രഹിതമായിരിക്കണമെന്ന ജില്ലാ ശുചിത്വമിഷന്റെ നിര്‍ദേശം യോഗം അംഗീകരിച്ചു. ഇതനുസരിച്ച് ഉപയോക്താക്കള്‍ക്കു തുണി സഞ്ചികളിലായിരിക്കും സാധനങ്ങള്‍ നല്‍കുക. ഈ സഞ്ചികളില്‍ ശുചിത്വ മിഷന്റെ സന്ദേശം ആലേഖനം ചെയ്തിരിക്കും.
ആയിരം രൂപയ്ക്കു മേല്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കു സമ്മാനക്കൂപ്പണും നല്‍കും. കുടുംബശ്രീയുടെ ഉത്പന്നങ്ങള്‍ക്കു ഈ മേളയില്‍ വലിയ പ്രാധാന്യം നല്‍കും. കുടുംബശ്രീ അംഗങ്ങള്‍ക്ക് അതിലൂടെ തൊഴിലും വരുമാനവും ലഭിക്കും. പരമാവധി സ്വാശ്രയ സംഘങ്ങളെയും കുടുംബശ്രീകളെയും മേളയില്‍ പങ്കെടുപ്പിക്കാന്‍ ബ്ലോക്ക് ഓഫീസര്‍മാരും ജനപ്രതിനിധികളും മുന്‍കൈയെടുക്കണമെന്നു ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ബിന്ദു ജോര്‍ജ് നിര്‍ദേശിച്ചു. പോലീസ്, ആരോഗ്യം, വൈദ്യുതി, ഫയര്‍ഫോഴ്സ് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ മേളയുടെ സുഗമമായ നടത്തിപ്പിന് ഏകോപിച്ചു പ്രവര്‍ത്തിക്കും.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും