കൽഗറി ട്രാൻസിറ്റ് ബസ് ആദ്യം ഒരു വെള്ള കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് ആ കാർ മറ്റൊരു വാഹനത്തിലിടിക്കുകയും ബസ് ഒരു വാനുമായി കൂട്ടിയിടിച്ചശേഷം ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന മറ്റൊരു സിറ്റി ബസിലേക്ക് ഇടിച്ചുകയറുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി.
ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ടിരുന്ന ബസ് റോഡിന് മറുവശത്തേക്ക് നീങ്ങി മൂന്ന് വാഹനങ്ങളിൽ കൂടി ഇടിച്ചു. ഇതോടെ അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ എണ്ണം എട്ടായി.
13 യാത്രക്കാരുണ്ടായിരുന്ന ബസിന് തീപിടിച്ചു
ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന രണ്ടാമത്തെ ബസിൽ അപകടസമയത്ത് 13 പേർ ഉണ്ടായിരുന്നതായാണ് അധികൃതരുടെ പ്രാഥമിക വിവരം. പ്രകൃതിവാതകം ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന ഈ ബസിന് കൂട്ടിയിടിക്ക് പിന്നാലെ തീപിടിക്കുകയായിരുന്നു.
ബസിന്റെ മേൽക്കൂരയിൽനിന്ന് തീയും കനത്ത പുകയും ഉയരുന്നതിന്റെയും തുടർന്ന് സ്ഫോടനമുണ്ടാകുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം അന്വേഷണത്തിലൂടെയാണ് സ്ഥിരീകരിക്കേണ്ടത്.
രക്ഷാപ്രവർത്തനത്തിനിടെ പോലീസ് ഉദ്യോഗസ്ഥനും പരിക്ക്
അപകടവിവരം ലഭിച്ചതോടെ പോലീസും അഗ്നിശമന സേനയും അടിയന്തര ചികിത്സാസംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സ്ഫോടനത്തിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥനും നിസ്സാര പരിക്കേറ്റു.
അപകടത്തിൽപ്പെട്ട ഒരു ബസ് ഡ്രൈവറെ വാഹനത്തിൽനിന്ന് രക്ഷാപ്രവർത്തകർ പുറത്തെടുക്കേണ്ടിവന്നു.
36 വർഷത്തെ പോലീസ് സേവനത്തിനിടെ താൻ നേരിട്ട ഏറ്റവും വലിയ വാഹനാപകടരംഗങ്ങളിലൊന്നാണിതെന്ന് കൽഗറി പോലീസ് സ്റ്റാഫ് സർജന്റ് ആൻഡി വുഡ്‌വാർഡ് മാധ്യമങ്ങളോട് പറഞ്ഞു.
കാൽഗറി മേയർ ജെറോമി ഫാർകാസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും മരിച്ചവരുടെ കുടുംബങ്ങളുടെയും പരിക്കേറ്റവരുടെയും ദുഃഖത്തിൽ പങ്കുചേർന്നു.
അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ കൽഗറി പോലീസും ബന്ധപ്പെട്ട അധികൃതരും അന്വേഷണം തുടരുകയാണ്.