വാഷിങ്ടണ്‍:21 മില്ല്യണ്‍ ജനങ്ങളുടെ സോഷ്യല്‍ സെക്യൂരിറ്റി ഐഡന്റിഫിക്കേഷന്‍ നമ്പറുള്‍പ്പടെയുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി ഒബാമ ഭരണകൂടം സ്ഥിരീകരിച്ചു. ഇതോടെ യു എസ് സര്‍ക്കാറിന്റെ കമ്പ്യൂട്ടര്‍ വിവരങ്ങള്‍ ചോര്‍ന്നത് നേരത്തെ കരുതിയതിനേക്കാള്‍ ഗുരുതരമാണെന്ന് ബോധ്യപ്പെട്ടു. 2 മില്ല്യണ്‍ ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് കരുതപ്പെട്ടിരുന്നത്. സെക്യൂരിറ്റി ക്ലിയറന്‍സിന്റെ ഭാഗമായി ജനങ്ങള്‍ നല്കിയ വിവരങ്ങളാണ് രണ്ടാമത് നടന്ന ഹാക്കിംഗ് ഓപ്പറേഷനില്‍ ചോര്‍ത്തപ്പെട്ടത്. സെക്യൂരിറ്റി ക്ലിയറന്‍സിനായി അപേക്ഷനല്കിയ 19 മില്ല്യണ്‍ ജനങ്ങളുടേയും രണ്ട് മില്ല്യണോളം വരുന്ന അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും വിവരങ്ങളാണ് ചോര്‍ന്നത്.
ക്രിമിനല്‍,സാമ്പത്തികം,ആരോഗ്യം,തൊഴില്‍, കുടുംബ ചരിത്രം തുടങ്ങിയ വിവരങ്ങളാണ് ഹാക്കര്‍മാരുടെ കൈകളിലെത്തിയത്. പുതിയ വെളിപെടുത്തല്‍ പുറത്തുവന്നത് കോണ്‍ഗ്രസിന്റെ രോഷത്തിനിടയാക്കി. ഒബാമ ഭരണകൂടം രഹസ്യങ്ങള്‍ സംരക്ഷിക്കാന്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും ഒപിഎം ഡയറക്ടര്‍ കാതറിന് ആര്ച്ചുലേറ്റയും സഹായികളും രാജിവയ്ക്കണമെന്നും കോണ്‍ഗ്രസിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ സ്ഥാനമൊഴിയില്ലെന്ന് ആര്ച്ചുലേറ്റ അറിയിച്ചിട്ടുണ്ട്.
ജനങ്ങളുടെ യൂസര്‍നെയ്മും പാസ് വേഡുമടക്കം നിരവധി വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായി മാധ്യമങ്ങളുമായുള്ള കോണ്‍ഫറന്‍സ് കാളില്‍ ആര്ച്ചുലേറ്റ പറഞ്ഞു. എന്നാല്‍ ചോര്‍ത്തിയ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ഉപയോഗിച്ചിട്ടില്ലെന്നും അവര്‍ വെളിപെടുത്തി. അതേസമയം ഹാക്കിംഗിന് പിന്നില്‍ ചൈനയാണെന്ന് യു എസ് എംപിമാരില്‍ ഒരു വിഭാഗം ആരോപിച്ചു. എന്നാല്‍ ആരാണ് ഹാക്കിംഗ് നടത്തിയതെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നായിരുന്നു ഒബാമയുടെ സൈബര്‍ സെക്യൂരിറ്റി കോഓര്‍ഡിനേറ്ററായ മൈക്കള്‍ ഡാനിയേലിന്റെ പ്രതികരണം. 2014 ലും 2015ലുമായി നടന്ന രണ്ട് ഹാക്കിംഗ് ഓപ്പറേഷനുകളും നടത്തിയത് ഒരൊറ്റ സംഘമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്രിമിനല്‍ സംഘങ്ങളല്ല മറിച്ച് ചൈനീസ് സര്‍ക്കാറാണ് ഹാക്കിംഗിനു പിന്നിലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തേ അസോസിയേറ്റഡ് പ്രസിനോട് പ്രതികരിച്ചിരുന്നു. എന്നാല്‍ ചൈന ഈ ആരോപണം പരസ്യമായി നിഷേധിച്ചിരുന്നു.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും