കാനഡക്കാരെ രൂക്ഷമായി വിമർശിച്ച ട്രംപ്, അവർ അമേരിക്കയോട് മോശമായാണ് പെരുമാറിയതെന്നും വിശേഷിപ്പിച്ചു. വ്യാപാര തർക്കത്തിനിടയിൽ അയൽരാജ്യത്തിനെതിരായ ട്രംപിന്റെ കടുത്ത ഭാഷ ബന്ധം കൂടുതൽ വഷളാക്കുമെന്ന ആശങ്കയും ഉയരുന്നു.
'ഗൾഫ് ഓഫ് അമേരിക്ക' മാതൃകയിൽ പുതിയ പേരുമാറ്റം
മെക്‌സിക്കോ ഉൾക്കടലിന്റെ പേര് 'അമേരിക്ക ഉൾക്കടൽ' എന്നാക്കി മാറ്റാനുള്ള ട്രംപിന്റെ 2025 ജനുവരിയിലെ തീരുമാനത്തിന്റെ തുടർച്ചയായാണ് ഒന്റാരിയോ തടാകത്തിന്റെ പേരുമാറ്റവും കാണുന്നത്.
ഒന്റാരിയോ തടാകത്തിന്റെ പേര് മാറ്റുന്നതിനെക്കുറിച്ച് ഏറെക്കാലമായി ചിന്തിച്ചിരുന്നതായി ട്രംപ് പറഞ്ഞു. ഒരു ഉൾക്കടലിന്റെ പേര് മാറ്റിയെങ്കിൽ ഇനി ഒരു തടാകത്തിന്റെ പേരും മാറ്റാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
ഇവിടെനിന്ന് കൂടുതൽ പരിഹാസരൂപേണ പ്രതികരിച്ച ട്രംപ്, 'ഇനി നമുക്ക് വേണ്ടത് ഒരു സമുദ്രമാണ്' എന്നും പറഞ്ഞു. അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങളുടെ പേരും ഒരുപക്ഷേ മാറ്റേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാപാരയുദ്ധം കൂടുതൽ കടുക്കുന്നു
പേരുമാറ്റ പ്രഖ്യാപനം വന്നത് യുഎസ് -കാനഡ വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ്. കഴിഞ്ഞ ആഴ്ച ചർച്ചകൾ തകർന്നതോടെ കാനഡയിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് 50 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താൻ ട്രംപ് തീരുമാനിച്ചു.
ഇതിന് തിരിച്ചടിയായി കാനഡയും അമേരിക്കൻ ഉൽപന്നങ്ങൾക്ക് 15 മുതൽ 50 ശതമാനം വരെ പ്രതിതീരുവ ഏർപ്പെടുത്തി. അമേരിക്കയുടെ നടപടികൾക്ക് തുല്യമായ തിരിച്ചടി നൽകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി നേരത്തെ വ്യക്തമാക്കിയിരുന്നു.
അമേരിക്കൻ തീരുവയെ കാനഡയുടെ ധനമന്ത്രി ഫ്രാൻസ്വാഫിലിപ്പ് ഷാംപെയ്ൻ 'കാനഡയ്ക്കുമേൽ അടിച്ചേൽപ്പിച്ച അഭൂതപൂർവമായ വെല്ലുവിളി' എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ ഈ പ്രതിസന്ധിയെ നേരിടാൻ കാനഡ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
കനേഡിയൻ ജനത ഇന്ന് കാണുന്നത് രാജ്യം ഒറ്റക്കെട്ടായി നിൽക്കുന്നതാണ്,' എന്നും അദ്ദേഹം വ്യക്തമാക്കി.
പേരുമാറ്റത്തിന് പിന്നിലെ രാഷ്ട്രീയം
ഒന്റാരിയോ തടാകം അമേരിക്കയ്ക്കും കാനഡയ്ക്കും ഇടയിലുള്ള പ്രധാന അതിർത്തി ജലാശയങ്ങളിലൊന്നാണ്. അതിനാൽ ഇതിന്റെ പേര് ഏകപക്ഷീയമായി മാറ്റാനുള്ള നീക്കം ഒരു പേരുമാറ്റം മാത്രമായി കാണാനാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷണം.
വ്യാപാരയുദ്ധം രൂക്ഷമാകുന്ന ഘട്ടത്തിൽ ഒന്റാരിയോ തടാകത്തിന് 'അമേരിക്ക തടാകം' എന്ന പേര് നൽകാനുള്ള ട്രംപിന്റെ നീക്കം കാനഡയ്ക്കുള്ള ശക്തമായ രാഷ്ട്രീയ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക സമ്മർദത്തിനൊപ്പം ദേശീയ അഭിമാനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉയർത്തിക്കൊണ്ട് കാനഡയ്‌ക്കെതിരായ തന്റെ നിലപാട് കൂടുതൽ കടുപ്പിക്കുകയാണ് ട്രംപ്.
എന്നാൽ തടാകം ഇരു രാജ്യങ്ങളും പങ്കിടുന്നതായതിനാൽ പേരുമാറ്റം പ്രായോഗികമായി എത്രത്തോളം അംഗീകരിക്കപ്പെടും എന്നതാണ് പ്രധാന ചോദ്യം. അമേരിക്കയിൽ പുതിയ പേര് ഉപയോഗിച്ചാലും കാനഡ അത് അംഗീകരിക്കാതിരുന്നാൽ ഒരേ ജലാശയത്തിന് രണ്ട് പേരുകൾ ഉപയോഗിക്കുന്ന അസാധാരണ സാഹചര്യം രൂപപ്പെടാം.
അതിനാൽ 'അമേരിക്ക തടാകം' എന്ന ട്രംപിന്റെ പ്രഖ്യാപനം ഭൂപടത്തിലെ പേരുമാറ്റത്തേക്കാൾ കൂടുതൽ യുഎസ് - കാനഡ ബന്ധത്തിലെ പുതിയ തർക്കത്തിന്റെ പ്രതീകമായി മാറുകയാണ്. വ്യാപാരതർക്കം പരിഹരിക്കപ്പെടുന്നതിനുപകരം ദേശീയതയും രാഷ്ട്രീയപ്രകടനങ്ങളും മുൻനിരയിലെത്തുന്നത് ഇരു രാജ്യങ്ങളുടെയും ദീർഘകാല ബന്ധത്തിന് കൂടുതൽ വെല്ലുവിളിയാകാനും സാധ്യതയുണ്ട്.